ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

ചാലിയാറിന്റെയും ചെറുപുഴയുടെയും തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന പെരുവയല്‍ പഞ്ചായത്ത് ധാരാളം കുന്നുകളും ചെരിവുകളും തോടുകളും താഴ്വരകളുമുള്ള ഗ്രാമപ്രദേശമാണ്. നെല്ല്, തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ, പച്ചക്കറികള്‍ എന്നിവയാണ് പ്രധാന വിളകള്‍. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയിരുന്ന, മുഖ്യകൃഷിയായ നെല്ലിന്റെ സ്ഥാനം ഇന്ന് നാണ്യവിളകള്‍ കയ്യടക്കിയിരിക്കുന്നു. നഗര ആസ്ഥാനത്തു നിന്ന് ഏകദേശം 8 കിലോമീറ്റര്‍ കിഴക്കുമാറി കോഴിക്കോട് കോര്‍പ്പറേഷന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന വിസ്തൃതമായ പഞ്ചായത്താണിത്. കോഴിക്കോട്-മാവൂര്‍ റോഡ് പഞ്ചായത്തിനു കുറുകെ കടന്നുപോകുന്നു. പണ്ടു പെരുമണ്ണ അങ്ങാടി ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ വിപണിയായിരുന്നു. പരമ്പരാഗത കൈത്തൊഴിലുകാര്‍ നെയ്തിരുന്ന കൈതോലപ്പായ, പെരുവയല്‍ - പെരുമണ്ണ പ്രദേശങ്ങളുടെ മുഖമുദ്രയായിരുന്നു. അക്കാലത്തൊരു ചന്ത അവിടെ പ്രവര്‍ത്തിച്ചിരുന്നു. അതുപോലെ ഗ്രാമീണകര്‍ഷകരുടെ കായികാധ്വാനത്തിന്റെ ഫലമായി മികച്ച വിളവു ലഭിച്ചിരുന്ന ചെറുകുളത്തൂര്‍ പ്രദേശങ്ങളും, പച്ചക്കറികൃഷിയുടെ ഈറ്റില്ലങ്ങളായിരുന്ന ചെമ്മലത്തൂര്‍, കീഴുമാട്, കായലം, വെള്ളായിക്കോട്, കിഴക്കേകര എന്നീ പ്രദേശങ്ങളും ഇന്ന് നഷ്ടവസന്തങ്ങളാണെന്നു പറയാം. പണ്ടുമുതലേ അടക്ക, കശുവണ്ടി, നാളികേരം എന്നിവയുടെ വിപണിയായിരുന്ന കുറ്റിക്കാട്ടൂര്‍ അങ്ങാടി ഇന്നും ഈ പഞ്ചായത്തിലെ പ്രധാന വിപണിയായി നിലനില്‍ക്കുന്നുണ്ട്. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നിരവധി മഹത്്വ്യക്തികള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പഞ്ചായത്തിന്റെ ആസ്ഥാനമായ പൂവ്വാട്ടുപറമ്പ് വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു അങ്ങാടിയാണ്. പെരുവയല്‍ പഞ്ചായത്തില്‍ പഴയ കാലത്ത് നാട്ടു ചികിത്സാ സമ്പ്രദായങ്ങളും മന്ത്രവാദങ്ങളുമായിരുന്നു ആളുകള്‍ രോഗശാന്തിക്കായി കണ്ടെത്തിയിരുന്ന മാര്‍ഗ്ഗം. അലോപ്പതി ഡോക്ടര്‍മാരോ, ഇന്നത്തെപ്പോലെ ആയൂര്‍വേദ, ഹോമിയോ ഡോക്ടര്‍മാരോ അന്ന് തീരെ ഉണ്ടായിരുന്നില്ല. വിസ്തൃതമായ ഈ പഞ്ചായത്തിലെ പ്രധാനപ്പെട്ട കച്ചവടകേന്ദ്രങ്ങള്‍ കുറ്റിക്കാട്ടൂര്‍, പൂവാട്ടുപറമ്പ്, പെരുമണ്ണ, പെരുവയല്‍ എന്നിവിടങ്ങളായിരുന്നു. കാലക്രമേണ ആള്‍പ്പാര്‍പ്പ് കൂടിയ ദിക്കുകളിലൊക്കെ ചെറുതും വലുതുമായ അങ്ങാടികളുണ്ടായി. നാട്ടുകാര്യങ്ങള്‍ വീതം വച്ചു പറയാനും, പോരായ്മകള്‍ക്കു പരിഹാരം തേടാനും കവലമുക്കുകള്‍ ജാഗരൂകമായി. അറിവിനു വിലയേറുമെന്നറിഞ്ഞ അവര്‍ വായനശാലകളുണ്ടാക്കി. കോപാകുലയായ ദേവി വാരിവിതറിയ വിത്തുകളാണ് വസൂരിയെന്നും, കുട്ടിച്ചാത്തന്റെ വിളയാട്ടമാണ് കോളറയെന്നും ധരിച്ച, ഒരു ജനതയ്ക്കിടയില്‍ അന്ധവിശ്വാസത്തെ ദുരീകരിക്കാന്‍, പബുദ്ധരായ ചിലര്‍ നേരിന്റെ വഴികാട്ടി ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തു. ചെറുകുളത്തൂര്‍ പ്രദേശത്ത് മണ്‍മറഞ്ഞ വി.ടി.അച്ചുതന്‍നായര്‍, കെ.പി.ഗോവിന്ദന്‍കുട്ടി തുടങ്ങിയ നിരവധി പേര്‍ ഇതിനുദാഹരണങ്ങള്‍. ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ വിരുദ്ധജാഥകളും സ്വാതന്ത്ര്യപ്രക്ഷോഭ പ്രവര്‍ത്തനങ്ങളും ഇവിടെ സജീവമായി നടന്നിരുന്നു

1920-കളിലാണ് പ്രാഥമിക വിദ്യാലയങ്ങളില്‍ പലതും ഇവിടെ സ്ഥാപിക്കപ്പെട്ടത്. ആ കാലഘട്ടത്തില്‍ തന്ന പല ഓത്തുപള്ളികളും സ്ക്കൂളുകളായി മാറിയിട്ടുണ്ട്. എന്നാല്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളൊന്നും തന്നെ അക്കാലയളവില്‍ ഉയര്‍ന്നുവന്നില്ല. 1980-ലാണ് ഈ പഞ്ചായത്തില്‍ ആദ്യമായി ഹൈസ്ക്കൂളുകള്‍ നിലവില്‍ വരുന്നത്. എണ്‍പതുകള്‍ക്ക് മുമ്പ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് കുന്ദമംഗലം, പന്തീരാങ്കാവ് എന്നിവിടങ്ങളിലെ സ്ക്കൂളുകള്‍, നഗരത്തിലെ മറ്റു ഹൈസ്ക്കൂളുകള്‍, സേവിയോ എന്നിവയെയായിരുന്നു. കലാലയ വിദ്യാഭ്യാസത്തിനു നഗരത്തിലെ കോളേജുകള്‍ മാത്രമായിരുന്നു ആശ്രയം. അതുകൊണ്ടു തന്നെ ഉന്നത വിദ്യാഭ്യാസം ലഭിച്ചവരുടെ എണ്ണം കുറവായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനം നല്‍കുക എന്ന ഉദ്ദേശം വെച്ചുകൊണ്ട് സെന്റ് സേവിയേഴ്സ് യു.പി സ്ക്കൂളില്‍ നെയ്ത്തും, ചര്‍ക്ക, തക്ളി എന്നിവ ഉപയോഗിച്ച് നൂല്‍നൂല്‍പ്പും അഭ്യസിപ്പിച്ചിരുന്നു. ചാത്തമംഗലത്തെ ആര്‍.ഇ.സി.യും, ചേവായൂര്‍ മെഡിക്കല്‍ കോളേജും, ദേവഗിരിയിലെ സെന്റ് ജോസഫ് കോളേജും, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജും പഞ്ചായത്തിന്റെ സമീപത്തുള്ള ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

പെരുവയല്‍ ഗ്രാമപഞ്ചായത്തിനുമോശമല്ലാത്ത ഒരു വ്യാവസായിക ചരിത്രമുണ്ട്. 1950-കളില്‍ തന്നെ പരമ്പരാഗത വ്യവസായങ്ങള്‍ ഇവിടെ ശക്തമായി നിലനിന്നിരുന്നു. കൈത്തറി, മണ്‍പാത്രനിര്‍മ്മാണം, ബീഡി തെറുപ്പ്, പായനെയ്ത്ത് എന്നീ പരമ്പരാഗത വ്യവസായങ്ങള്‍ ഇവിടെ വേരുറപ്പിച്ചിരുന്നു. ചെറുകുളത്തൂര്‍ കേന്ദ്രമായി ഒരു വീവേഴ്സ് സൊസൈറ്റിയും, പെരുമണ്ണ മേഖലയില്‍ വെള്ളായിക്കോട് ഖാദിഗ്രാമവ്യവസായ സഹകരണസംഘവും പ്രവര്‍ത്തിച്ചിരുന്നു. പെരുവയല്‍ പെരുമണ്ണ മേഖലകളില്‍ ബീഡി തെറുപ്പും, കയര്‍ നിര്‍മ്മാണവും നല്ലരീതിയില്‍ നടന്നിരുന്നു. ഇവയെല്ലാം ആധുനിക വ്യവസായങ്ങളുടെ ആഗമനത്തോടെ നാമാവശേഷമാകാന്‍ തുടങ്ങി. വന്‍കിട വ്യവസായങ്ങള്‍ പെരുവയല്‍ പഞ്ചായത്തിലില്ല. ഗതാഗത വികസനത്തിന്റെ കാര്യത്തില്‍ വേണ്ടത്ര പുരോഗതിയോ സൌകര്യങ്ങളോ ഇല്ലാത്ത ഒരു ഗ്രാമപഞ്ചായത്തു കൂടിയാണിത്. കേരളത്തിലെ തന്നെ പ്രമുഖസ്ഥാപനങ്ങളായ കോഴിക്കോട് മെഡിക്കല്‍ കോളേജ്, ചാത്തമംഗലം എഞ്ചിനീയറിംഗ് കോളേജ്, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് എന്നിവയുടെ സാമീപ്യം കൊണ്ടുതന്നെ പ്രധാന്യമര്‍ഹിക്കുന്ന ഈ പഞ്ചായത്തില്‍ റോഡുഗതാഗതം മാത്രമേ നിലവിലുള്ളൂ. ആദ്യകാലങ്ങളില്‍ കോഴിക്കോട് ജില്ലയിലെ പ്രമുഖ വ്യാവസായിക കേന്ദ്രങ്ങളായ ചെറുവണ്ണൂര്‍, ഫറോക്ക്, കല്ലായി, മാങ്കാവ് എന്നിവിടങ്ങളുമായി പ്രധാനമായും ബന്ധപ്പെട്ടിരുന്നത്, ചാലിയാര്‍ പുഴയെ ആശ്രയിച്ചുള്ള ജലമാര്‍ഗ്ഗത്തിലൂടെയായിരുന്നു. കോഴിക്കോട് സാമൂതിരി രാജകുടുംബം മാവൂര്‍ പഞ്ചായത്തിലെ കണ്ണിപ്പറമ്പ് ശിവക്ഷേതവും തീര്‍ത്ഥക്കുന്നും മറ്റു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ദര്‍ശനത്തിനും മറ്റും പോകുന്നതിനു നിര്‍മ്മിച്ചിരുന്ന ആദ്യകാല നടവഴിയാണ്, പഞ്ചായത്തിലൂടെ കടന്നുപോകുന്ന നിലവിലുള്ള മാങ്കാവ്-കണ്ണിപ്പറമ്പ് റോഡ്. ഇന്ന് മാവൂര്‍റോഡ് എന്നറിയപ്പെടുന്നതും പഞ്ചായത്തിന്റെ മധ്യഭാഗത്തിലൂടെ കടന്നുപോകുന്നതുമായ റോഡ് പഴയ കാലം മുതലേ കോഴിക്കോട്ട് നിന്ന് തെങ്ങിലക്കടവിലേക്കുള്ള ഗതാഗതത്തിനു സഹായിച്ചിരുന്നു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സ്ഥാപിതമാവുകയും, തേങ്ങിലക്കടവ് പാലം നിര്‍മ്മിക്കുകയും ചെയ്തതിന്റെ ഫലമായി റോഡിന്റെ പേരും പ്രധാന്യവും വര്‍ദ്ധിച്ചു

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും യുക്തിബോധത്തിന്റെയും പോരാട്ടത്തിന്റെയും സമ്മിശ്രമായ ഒരു സംസ്കാരമാണ് ഇവിടെ ഇന്നലെകളില്‍ നിലനിന്നിരുന്നത്. കുന്നും മലയും, കാടുംമേടും, തോടും പുഴയും, നെല്‍പാടങ്ങളും നിറഞ്ഞ പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് ഈ ഗ്രാമം. കൃഷിയും കൈത്തൊഴിലുകളും മാത്രം ഉപജീവനമായുള്ള ജനതയാണിവിടെയുള്ളത്. മത, ജാതി, ഉപജാതി വിഭാഗങ്ങളായി സമൂഹം വേര്‍തിരിക്കപ്പെട്ടിരുന്നുവെങ്കിലും അവയുടെ അതിരുകള്‍ക്കുള്ളില്‍ കലയും, സംസ്ക്കാരവും വലിയ പോറലുകളേല്‍ക്കാതെ സംരക്ഷിക്കപ്പെട്ടിരുന്നു. സെന്റ് സേവിയേഴ്സ് ചര്‍ച്ച്-പനച്ചിങ്ങല്‍, മാണിയലം കണിയാത്ത്, കായലം കണ്ടഞ്ചരി പളളികള്‍ എന്നിവയാണ് ഈ പ്രദേശത്തെ എടുത്തുപറയാവുന്ന ആരാധനാലയങ്ങള്‍. ചെറുകുളത്തൂര്‍ പ്രദേശത്ത് വി.ടി.അച്ചുതന്‍നായര്‍, കെ.പി.ഗോവിന്ദന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍, വിജ്ഞാനപോഷിണി എന്ന പേരില്‍ വായനശാല അക്കാലത്ത് സ്ഥാപിക്കപ്പെട്ടു. പ്രദേശത്തെ ആദ്യത്തെ സാംസ്ക്കാരിക സ്ഥാപനവും ഇതുതന്നെയായിരുന്നു. പെരുമണ്ണയില്‍ ഗ്രാമീണ വായനശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചതു വഴി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അതിലൂടെ സാധിച്ചിരുന്നു. സംസ്ക്കാരിക മേഖലയ്ക്ക്, തൊഴില്‍ മേഖലയേകിയ സംഭാവനയാണ് കൂട്ടവായന. സഹകരണരംഗം സാംസ്ക്കാരികമേഖലയ്ക്ക് പിന്‍ബലമേകിയതിന്റെ ചരിത്രം, പെരുമണ്ണയിലെ ജനകീയ കാന്റിനിന്റെ ആദ്യകാല വാര്‍ഷികാഘോഷങ്ങളിലെ കലാപരിപാടികള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയും. മണ്‍മറഞ്ഞ നിമിഷകവികള്‍ കൂടിയായിരുന്ന കുമാരന്‍ വൈദ്യര്‍, കെ.എം.മുഹമ്മദാലി എന്നിവരുടെ, നര്‍മ്മരസം തുളുമ്പുന്ന രീതിയില്‍, രാഷ്ട്രീയസാമൂഹ്യ പ്രശ്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള പാട്ടുകളും മറ്റും സവിശേഷശ്രദ്ധ പിടിച്ചുപറ്റിയിരുന്നു കലാരംഗത്തെ പ്രശസ്തനായിരുന്ന യശഃശ്ശരീരനായ ഇ.കാളിദാസന്‍ നാടകസിനിമാരംഗത്തും, നാടന്‍കലാരംഗത്തും തന്റേതായ നിലയില്‍ അമൂല്യസംഭാവനകളര്‍പ്പിച്ച വ്യക്തിയാണ്. നാടന്‍ കലയുടെ ഈറ്റില്ലമായറിയപ്പെട്ടിരുന്ന ഈ പ്രദേശത്തു നിന്നുയരുന്ന ചെണ്ടമേളങ്ങളും തുടികൊട്ടും ഗതകാല അനുഷ്ഠാനങ്ങളുടെ തിരുശേഷിപ്പുകളാണ്. ക്ഷേത്രകലയായി രൂപം കൊണ്ട തിറ, നാനാവിധ ദൈവസങ്കല്പങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്നു. കോലംതുള്ളലും, മേളങ്ങളും, തോറ്റംപാട്ടുകളും, നാഗപ്പാട്ടുകളും ആസ്വാദ്യമാണെന്നു മാത്രമല്ലാ, ഭക്തിയുടെ ലഹരിയും പകര്‍ന്നു നല്‍കുന്നുണ്ട്.